കഥയും ജീവിതവും പങ്കിട്ട് പുതൂര്‍ അനുസ്മരണ സദസ്സ്


ഗുരുവായൂര്‍: ഗുരുവായൂരിന്റെ കഥാകാരന്‍ പുതൂര്‍ ഉണ്ണികൃഷ്ണന്റെ അനുസ്മരണ സദസ്സ് അദ്ദേഹത്തിന്റെ പൊള്ളുന്ന ജീവിതാനുഭവങ്ങളും കഥാപ്രപഞ്ചവും ഓര്‍മ്മപ്പെടുത്തുന്നതായി. പുതൂരിന്റെ 82ാം ജന്‍മ വാര്‍ഷിക ഭാഗമായി പുതൂര്‍ ഫൗണ്ടേഷനും അനുസ്മരണ സമിതിയും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

രോഹിണി ഹാളില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ സി.ആര്‍. ദാസ് അദ്ധ്യക്ഷനായി. സംഘം പ്രസിദ്ധീകരിച്ച പുതൂരിന്റെ 'അന്നദാന പ്രഭു' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം മാടമ്പ് കുഞ്ഞുക്കുട്ടന്‍ നിര്‍വ്വഹിച്ചു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി കോപ്പി ഏറ്റുവാങ്ങി. 

ആര്‍ട്ടിസ്റ്റ് മദനന്‍ വരച്ച പുതൂരിന്റെ ജീവന്‍തുടിക്കുന്ന ഛായാചിത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ അനാച്ഛാദനം ചെയ്തു. ചാവക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി മലയാളം പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പുസ്തകങ്ങളും ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ സി.എച്ച്. റഷീദ് വിതരണം ചെയ്തു. 
ജനു ഗുരുവായൂര്‍, ഷാജു പുതൂര്‍, ബാലന്‍ വാറണാട്ട്, വി. അച്യുതന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. 
Next Post Previous Post