ഷോളയാര്‍ പവര്‍ ഹൗസ് ടണല്‍ പരിശോധന പൂര്‍ത്തിയായി




അതിരപ്പിള്ളി:ഷോളയാര്‍ പവര്‍ ഹൗസിലെ ടണലിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും പരിശോധന പൂര്‍ത്തിയായി. ടണല്‍, പൈപ്പുകള്‍, എയര്‍ വാല്‍വുകള്‍, സര്‍ജ് ടാങ്ക്, ഇന്‍ േടക്ക് ഷട്ടര്‍, ബട്ടര്‍ഫ്‌ളൈ വാല്‍വുകള്‍ തുടങ്ങിയവയാണ് പരിശോധിച്ചത്. 

കാലപ്പഴക്കം കൊണ്ട് ബട്ടര്‍ഫ്‌ളൈ വാല്‍വുകള്‍ക്ക് ചെറിയ തകരാറുകള്‍ ഉണ്ടായതൊഴിച്ചാല്‍ വേറെ കാര്യമായ തകരാറുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. സര്‍ജ് ടാങ്കിന്റെ ഏകദേശം 30 അടി ഉയരത്തില്‍ 10 അടി വ്യാസവും 200 അടി നീളവുമുള്ള വലിയ ദ്വാരം പ പരിശോധനയ്ക്കിടയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിന്റെ അറ്റം ഒരു കുന്നിന്‍ ചെരുവില്‍ കോണ്‍ക്രീറ്റ് ചെയ്തു അടച്ചിരിക്കുകയാണ്. ടണല്‍ നിര്‍മ്മാണ കാലത്ത് ഉപകരണങ്ങള്‍ താഴേക്ക് ഇറക്കാനും പാറയും കല്ലും മണ്ണും എളുപ്പത്തില്‍ മാറ്റാനും വേണ്ടി നിര്‍മിച്ചതാകാം ഇതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ടണലില്‍ നിന്നുള്ള വെള്ളത്തിലൂടെ മരത്തടികളൊ മറ്റു കരടുകളൊ ഒഴുകി വന്നു വാല്‍വുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ സ്ഥാപിച്ച വലപോലുള്ള ഭാഗം ദ്രവിച്ചു പോയത് മാറ്റി പുതിയത് ഘടിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ മുതല്‍ ഇന്‍ടേക്ക് ഷട്ടര്‍ പതിയെ തുറന്ന് ടണലിലും സര്‍ജ് ടാങ്കിലും തുടര്‍ന്ന് പൈപ്പുകളിലും വെള്ളം നിറച്ച ശേഷം വ്യാഴാഴ്ച രാത്രിയോടെ വൈദ്യുതി ഉത്പാദനം തുടങ്ങാനാണ് പദ്ധതി .

ടണല്‍ പരിശോധനയ്ക്ക് ഷോളയാര്‍, പെരിങ്ങല്‍കുത്ത്, മലമ്പുഴ, പീച്ചി പവര്‍ ഹൗസുകളിലെ എന്‍ജിനിയര്‍മാരും ജീവനക്കാരുമടക്കം അന്‍പതോളം പേര്‍ ഉണ്ടായിരുന്നു. പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍.ടി. ജോബ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ടി.ആര്‍. സുരേഷ്, സേഫ്റ്റി ഓഫീസര്‍ അസി. എക്‌സി. എന്‍ജിനിയര്‍ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് .
Next Post Previous Post