ടാറിട്ട് ഒരു വര്‍ഷം ആകും മുമ്പ് ദേശീയപാതയില്‍ കുഴികള്‍


ചാവക്കാട്: ടാറിട്ട് ഒരു വര്‍ഷം ആകും മുമ്പേ ദേശീയപാത 17-ല്‍ കുഴികള്‍ രൂപപ്പെട്ടു. എറണാകുളം ഇടപ്പള്ളി മുതല്‍ മഹാരാഷ്ട്ര വരെ നീളുന്ന ദേശീയപാതയുടെ ഒരുമനയൂര്‍ പാലംകടവ് ഭാഗത്താണ് റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായത്. മുഖ്യമായും ഇരുചക്രവാഹനമോടിക്കുന്നവര്‍ക്കാണ് തകര്‍ന്ന റോഡ് ചതിക്കുഴിയായി മാറിയത്.

റോഡിലെ കുഴികള്‍ പരിചയമില്ലാത്ത ഇരുചക്രവാഹനക്കാര്‍ ഇവിടെ എത്തുമ്പോഴും വേഗം കുറയ്ക്കാതെ വണ്ടി ഓടിക്കുന്നതിനാല്‍ കുഴികളില്‍ വീണ് പരിക്ക് പറ്റുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു. മഴക്കാലമായതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം കുഴികള്‍ കാണാന്‍ കഴിയാത്തത് അപകടനിരക്ക് കൂട്ടിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ടാറിടല്‍ നടത്തിയപ്പോള്‍ സംഭവിച്ച സാങ്കേതികമായ പിഴവാണ് ഈ പ്രദേശത്ത് മാത്രം റോഡ് തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകാറുള്ള ഈ ഭാഗത്ത് ടാറിട്ടപ്പോള്‍ ആവശ്യമായ അളവില്‍ ഉയര്‍ത്താഞ്ഞതാണ് ഇപ്പോഴും ഇവിടെ വെള്ളക്കെട്ടിനിടയാക്കുന്നത്. 

ടാറിടുന്നതിന് മുമ്പ് വന്‍കുഴികള്‍ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെയാണ് വീണ്ടും കുഴികള്‍ രൂപപ്പെട്ടത്. മഴ മാറിയാല്‍ ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെട്ടിടത്ത് അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ടാറിട്ട കരാറുകാരന്‍ തന്നെ കരാറിന്റെ ഭാഗമായുള്ള അറ്റകുറ്റപ്പണികളും നടത്തുമെന്നാണ് അധികൃതരുടെ വിശദീകരണം.
Next Post